Saturday, January 31, 2015

മലയാളവേദി സെമിനാര്‍ സംഘടിപ്പിച്ചു

വെന്മേനാട്‌:എം.എ.എസ്‌.എം  വിദ്യാലയത്തിലെ മലയാളം വേദിയുടെ ബാനറില്‍   'നമ്മുടെ തലമുറക്കെന്തു പറ്റുന്നു' എന്ന ശീര്‍ഷകത്തില്‍  സംഘടിപ്പിച്ച സെമിനാര്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.പ്രിന്‍സിപ്പാള്‍ വി.എം കരീം,സാഹിത്യകാരന്മാരായ അസീസ്‌ മഞ്ഞിയില്‍ ,ആന്റോ ചിറ്റാട്ടുകര,അന്‍സാര്‍ അബ്‌ദുല്‍ അസീസ്‌ മലയാളം അധ്യാപികമാര്‍ ,വിദ്യാര്‍ഥി ലീഡര്‍ മുസമ്മില്‍ തിടങ്ങിയവര്‍ സെമിനാറിനെ സജീവമാക്കി.

കുട്ടികളിലെ അരക്ഷിതാവസ്ഥ,വഴിമുട്ടിയ പ്രതീതി,സാങ്കേതിക സൌകര്യങ്ങളുടെ അതിപ്രസരം ,നിലപാടുകളില്ലായ്‌മ,അംഗീകാരം നിരാകരിക്കപ്പെടുന്ന സാഹചര്യം , വായനയുടെ അഭാവം , കുടുംബ ബന്ധങ്ങളിലെ ശൈഥില്യം ,അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മീഡിയാ പ്രസാരണം തുടങ്ങി ഒട്ടേറെ കാര്യ കാരണങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.

മാനാഭിമാനങ്ങളുടെ മാനദണ്ധങ്ങളൊന്നുമില്ലാതെ അനുകരണങ്ങളുടെ ചതിക്കുഴികളില്‍ മൂക്കുകുത്തി വിഴാന്‍ മാത്രം വിധിക്കപ്പെട്ടവരെപോലെ തീര്‍ത്തും ബലഹീനരായ പുതു തലമുറ വീണ്ടുവിചാരം നടത്താന്‍ വൈകിയിരിക്കുന്നുവെന്ന്‌  പ്രിന്‍സിപ്പാള്‍ വി.എം കരീം അഭിപ്രായപ്പെട്ടു.പ്രതികരണ ശേഷി നഷ്‌ടപ്പെട്ട ഒരു യുവസമൂഹത്തിന്റെ നിഷ്‌ക്രിയമായ ഭാവം സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന കനത്ത തിരിച്ചടിയെക്കുറിച്ച്‌ അന്‍സാര്‍ വാചാലമായി.കച്ചവടവത്കരിക്കപ്പെട്ട സമൂഹം നന്മയും തിന്മയും തിരിച്ചറിയപ്പെടാന്‍ കഴിയാത്ത വിധം അന്ധതബാധിച്ച ദുരവസ്ഥ ആന്റോ ചിറ്റാട്ടുകര കാവ്യാത്മകമായി വിശദീകരിച്ചു.ഭാഷാ ചരിത്രവും ,സംസ്‌കാരിക ഭൂമികയുടെ അപചയങ്ങളും സൌഭാഗ്യങ്ങളുടെ തടവറയില്‍ കണ്ണു മഞ്ഞളിച്ച്‌ പോയ ഒരു സമൂഹത്തിന്റെ ദൌര്‍ഭാഗ്യകരമായ ദുരവസ്ഥയും അസീസ്‌ മഞ്ഞിയില്‍ സവിസ്‌തരം പ്രതിപാതിച്ചു.