Monday, June 2, 2014

ഉറഞ്ഞു തുള്ളുന്ന പുതു തലമുറ

ജീവിതത്തെക്കുറിച്ച്‌ തങ്ങളുടെ കാഴ്‌ചപ്പാട്‌ എന്താണെന്ന്‌ പുതുതലമുറക്കാരോട്‌ ചോദിച്ചാല്‍  ഒരുപക്ഷെ അവര്‍ പറയാന്‍ സാധ്യതയുള്ള മറുപടി ഇങ്ങനെയായിരിയ്‌ക്കാം. കളിയാണ്‌,വിനോദമാണ്‌,ആഘോഷമാണ്‌,ആര്‍ഭാഢമാണ്‌,മത്സരമാണ്‌ എന്നൊക്കെ.എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അക്ഷേപ ഹാസ്യമെന്നോണം പറയുന്നത്‌ കാണുക.

'നന്നായറിഞ്ഞുകൊള്ളുക: ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും, നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മല്‍സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു മഴപെയ്തു. അതിനാലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്‌ക്കോലായിത്തീരുന്നു. മറിച്ച് പരലോകത്താകട്ടെ, കഠിന ശിക്ഷയുണ്ട്, രക്ഷിതാവില്‍ നിന്നുള്ള പാപമുക്തിയുണ്ട്, അവന്റെ സംപ്രീതിയുമുണ്ട്. ഐഹികജീവിതമോ, ഒരു ചതിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല.'(ഖുര്‍ആന്‍)

ജീവിതത്തെ കുറിച്ച് ഒരു ഭൗതികന്റെ കാഴ്ചപ്പാട് കൃത്യമായി ഖുര്‍ആന്‍ പറഞ്ഞു തരുന്നു. സാങ്കല്‍പിക ലോകത്തിരുന്ന് മനപ്പായസമുണ്ണുന്നവരുടെ ദൗര്‍ഭാഗ്യവും  ബുദ്ധിപരമായ സമീപനം കൈകൊള്ളുന്നവരുടെ സൗഭാഗ്യവും കാവ്യാത്മകമായി വരച്ചിടുന്നു ഖുര്‍ആന്‍. ഭൗതികാലങ്കാരങ്ങളുടെ വര്‍ണ്ണപ്പകിട്ട് തികച്ചും നൈമിഷികമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ വളരെ ശക്തമായി പ്രതിധ്വനിക്കുന്നുണ്ട് ഈ വിശുദ്ധ വചനത്തില്‍.

മഴപെയ്ത് ചെടികള്‍ കിളിര്‍ത്ത് വളരുമ്പോഴും വിളയുമ്പോഴും ഏതു കര്‍ഷകനാണ് സന്തോഷിക്കാതിരിക്കുക എന്ന ചോദ്യം സ്വന്തം നെഞ്ചിലേയ്ക്ക് വിരല്‍ ചൂണ്ടി ഉന്നയിക്കുമ്പോള്‍ പുതിയ ചിലമാനങ്ങള്‍ ഈ സൂക്തത്തിലൂടെ ഉരുത്തിരിയും. അഥവാ ശരാശരി കര്‍ഷകരുടെയെല്ലാം സങ്കല്‍പം ഇത്തരത്തില്‍ തന്നെ എന്ന പരമാര്‍ഥം ഓര്‍മ്മവരും. ഈ കൃഷിയിടം ഭൗതികലോകമാണെന്നും ഈ പാടവരമ്പത്തെ കര്‍ഷകന്‍ ആദം സന്താനങ്ങളുടെ പ്രതീകമാണെന്നും തിരിച്ചറിയും. ഈ തിരിച്ചറിവ് അനായാസം സാധിച്ചെന്ന് വരില്ല, സാക്ഷാല്‍ ഉടമയെകുറിച്ച് അടിമയില്‍ ഉണ്ടായിരിക്കേണ്ട വിധേയത്വവും ആദരവും ആരാധനയും യഥാവിധി പാലിച്ചുകൊണ്ടല്ലാതെ. പ്രഭുവും പ്രജയും തമ്മിലുള്ള ഹൃദ്യമായ ബന്ധം ജീവിത വ്യവഹാരങ്ങളില്‍ പ്രകടമാകും. അധരങ്ങള്‍ സ്‌ത്രോത്രങ്ങള്‍ കൊണ്ട് നനയും, അകതാരില്‍ ആരോഗ്യകരമായ ചിന്തകള്‍ വിളയും, പരാതികളും പരിഭവങ്ങളുമില്ലാത്ത മനുഷ്യനെ കണ്ട് മാലാഖമാര്‍ അത്ഭുതം കൂറും. സ്രഷ്ടാവും സൃഷ്ടിയും പരസ്പരം തൃപ്തിപ്പെടുന്ന വിതാനം. വിശ്വാസിയുടെ കാര്യം അത്ഭുതകരമെന്ന് പ്രവാചക ശ്രേഷ്ഠന്‍ വിശേഷിപ്പിച്ച സന്ദര്‍ഭം.

ജീവിതത്തിന്റെ സുഖമമായ ഒഴുക്കിനെ ത്വരിതപ്പെടുത്താന്‍ ചില നിബന്ധനകളും  ഉപാധികളും ഒക്കെ അനിവാര്യമാണ്‌.എന്നാല്‍ വര്‍ത്തമാന കാല സമൂഹത്തിലെ നല്ലൊരു ശതമാനം വിശിഷ്യാ പുതു തലമുറ ഇത്തരം നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒഴിവാക്കാനുള്ള കടുത്ത ജാഗ്രത പുലര്‍ത്തുന്നുവെന്നത്‌ ദൌര്‍ഭാഗ്യകരമത്രെ.തന്റെ സ്വഛമായ സന്ചാര സ്വാതന്ത്ര്യം നിബന്ധനകള്‍ക്കതീതമാകണമെന്ന തീരുമാനത്തോടെ ഒരാള്‍ യാത്ര തുടങ്ങുന്നതെങ്കില്‍ ആരും അതു വകവെച്ചുകൊടുക്കാന്‍ തയാറാകുകയില്ല.

ലക്ഷ്യസ്ഥാനത്തേയ്‌ക്കുള്ള സന്ചാരത്തിനിടയ്‌ക്ക്‌ പാതയോരത്ത്‌ പ്രത്യക്ഷപ്പെടുന്ന ദിശാസൂചികകളും  അപകട സൂചനകളും നിയമങ്ങളും കണ്ടില്ലെന്ന്‌ നടിക്കാന്‍ വിശേഷ ബുദ്ധി നല്‍കപ്പെട്ടവര്‍ക്ക്‌ കഴിയുമോ ?  ഇല്ല എന്ന്‌ ക്ഷണനേരം കൊണ്ട്‌ പറയാനാകുന്നുവെങ്കില്‍ അത്‌ ജീവിതത്തിനും ബാധകമായിരിക്കണം.

അപകടമരണങ്ങളില്‍ ഏറിയ ശതമാനവും വാഹനങ്ങളില്‍  ഹരം പിടിച്ച്‌ പായുന്ന പുതുതലമുറയാണെന്ന്‌ കണക്കുകള്‍ പറയുന്നു.ജീവിതയാത്രയിലും പരാജയം ഏറ്റുവാങ്ങുന്നവര്‍ ഈ യുവത തന്നെയാണത്രെ.ഭാവി വാഗ്ദാനങ്ങള്‍ ഇങ്ങനെ പാതയോരത്തും ഇടത്താവലങ്ങളിലും വാടിവീണാല്‍ ഭാവിയിലെ ഭവിഷ്യത്ത്‌ ഭയാനകമായിരിയ്‌ക്കും.

മാതാവിന്റെ കാല്‍ ചുവട്ടിലെ സ്വര്‍ഗം പ്രാപിക്കാന്‍ സന്താനങ്ങള്‍ ശ്രമിച്ചു കൊള്ളട്ടെ എന്ന വിവക്ഷയേക്കാള്‍ അത് നേടിയെടുക്കാന്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മാതാക്കള്‍ അവസരമൊരുക്കട്ടെ എന്ന പുനര്‍ വായനയാണ് സാധ്യമാവേണ്ടത്. മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്ന പ്രവാചക ശിക്ഷണം ഒരു പാഠമെന്നോണം സന്താനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുമെങ്കിലും നിധികാക്കുന്ന ഭൂതത്തെപ്പോലെ മാതാപിതാക്കള്‍ കാവലിരിക്കുന്ന പ്രതീതിയാണ് അനുഭവേദ്യമാക്കി കൊണ്ടിരിക്കുന്നത്.

ഉണ്ണുന്നതിലും ഉടുക്കുന്നതിലും ഒരാള്‍ തിരിച്ചറിയപ്പെടും .അഥവ അവന്റെ സംസ്‌കാരം തിരിച്ചറിയപ്പെടും .

ആരാലും നിരീക്ഷിക്കപ്പെടാത്തപ്പോള്‍ നിരീക്ഷണവിധേയനാണെന്ന ബോധത്തോടെയുള്ള ജീവിത ചര്യയാണ്‌ സംസ്‌കാരം . സംസ്‌കൃതമായ സമൂഹത്തിലെ ന്യൂനതകളെ ശിക്ഷണ നടപടികളിലൂടെ പരിഹരിക്കാന്‍  സാധിച്ചേയ്‌ക്കും. സംസ്‌കാര ശൂന്യമായ സമൂഹത്തിലെ മ്ളേച്ഛതകളെ ശിക്ഷാ  ശിക്ഷണ നടപടികളിലൂടെ തൂത്തെറിയാനാകില്ല.ബോധവത്കരണങ്ങളിലൂടെ നന്മ പ്രസരിപ്പിച്ചും പ്രകാശിപ്പിച്ചും ഒരു നവ സംസ്‌കൃത സമൂഹത്തെ വാര്‍ത്തെടുക്കുന്ന പ്രക്രിയ അവിരാമം തുടരേണ്ടിയിരിക്കുന്നു.

ഇത്തരത്തിലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ആത്മീയമായ ആഭിമുഖ്യം വളരേണ്ടിയിരിക്കുന്നു.

ആത്മീയത:
മനുഷ്യന്‌ വികാര വിചാരങ്ങള്‍ ഉണ്ടാകുന്നത് പ്രകൃതിദത്തമാണ്‌ തന്റെ സഹോദരന്റെ വികാര വിചാരങ്ങളെ വായിക്കാന്‍ കഴിയുന്നത് ബുദ്ധിപരമാണ്‌ .അയാളുടെ ആവശ്യങ്ങള്‍ക്ക് ഒരു പക്ഷെ പരിഹാരം കാണേണ്ടതുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പ്രയത്നിക്കാന്‍ ഒരുങ്ങുന്നത്‌ മാനുഷികമാണ്‌. തന്റെ സഹോദരന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയും അയാളുടെ പ്രയാസം തന്റെ പ്രയാസമായി അനുഭവവേദ്യമാക്കുകയും ചെയ്യുന്നത് ആത്മീയമാണ്‌.അഥവാ മാനുഷികതയുടെ ഏറ്റവും ഉദാത്തമായ വിതാനമാണ്‌ ആത്മീയത..

രണാങ്കണത്തില്‍ ദാഹിച്ച് വലഞ്ഞവര്‍ക്ക് ശുദ്ധജലം കൊണ്ടുവരപ്പെട്ടപ്പോള്‍ എനിക്കല്ല അയാള്‍ക്ക് എന്ന് പറഞ്ഞ് ദാഹ ജലം ഓരൊരുത്തരിലേയ്‌ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടതും അവസാനം ആരും കുടിക്കാതെ കണ്ണടക്കുകയും ചെയ്‌തത് ചരിത്രമാണ്‌.ഭൌതികന്റെ വീക്ഷണത്തില്‍ ഇവരെപ്പോലെ വിഡ്ഡികള്‍ ലോകത്ത് ആരും ഇല്ല.എന്നാല്‍ തന്റെ ആവശ്യത്തേക്കാള്‍ തന്റെ സഹോദരന്റെ ആവശ്യത്തിന്‌ പ്രാധാന്യം കൊടുക്കുമ്പോള്‍ ആസ്വദിക്കുന്ന ദാഹ ശമനം അനിര്‍വചനീയമത്രെ.ചുരുക്കത്തില്‍ ‍‍ ‍ ‍ മാനുഷികതയുടെ ഏറ്റവും ഉയര്‍ന്ന വിതാനമാണ്‌ ആത്മീയത.അതിനാലാണ്‌ പ്രവാചകശ്രേഷ്‌ഠന്‍ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായത്.

ഒരു ശില്‍പിയും പുതിയ ശില്‍പം രൂപപ്പെടുത്തുന്നില്ല.ശിലയില്‍ താന്‍ കണ്ട ശില്‍പത്തിന്‌ അനുഗുണമല്ലാത്തത്‌ കൊത്തി മാറ്റുക മാത്രമാണ്‌ ചെയ്യുന്നത്‌.

മനുഷ്യന്‍ അഭിലഷണീയമല്ലാത്തതിനെ ത്യജിക്കാന്‍ സന്നദ്ധമായാല്‍ അനുവദനീയമായത്‌ കൊണ്ട്‌ ജീവിതം സമ്പന്നമാകും .ഇത്തരത്തില്‍ അനുഗ്രഹീതമായ ജീവിതം കുറ്റമറ്റ ശില്‍പം പോലെ ആകര്‍ഷകവും അനുഗ്രഹീതവുമാകും .നിതാന്ത ജാഗ്രതയുള്ള ശില്‍പിയെപ്പോലെ ജീവിതത്തെ സമീപിക്കാനുള്ള ഇഛാശക്തി ആത്മാര്‍ഥമായ ധ്യാനത്തിലൂടെ നേടിയെടുക്കാനുള്ള പ്രതിജ്ഞയും പ്രാര്‍ഥനയും ജീവിതത്തെ അര്‍ഥപൂര്‍ണ്ണമാക്കും.

വിശ്വവിഖ്യാതനായ കവി അല്ലാമ ഇഖ്ബാലിന്റെ പ്രസിദ്ധമായ ഒരു കവിതയിലെ ആദ്യപാദത്തിലെ വരികളുടെ രത്‌നച്ചുരുക്കം സാന്ദര്‍ഭികമായി കുറിക്കട്ടെ. 'ഞാന്‍ മോശയുടെ മാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ച് സാമിരിയുടെ കുഴലൂത്തില്‍ പെട്ട് നശിച്ച് കൊണ്ടിരിക്കുകയാണ്. നീ അബ്രഹാമിന്റെ പാരമ്പര്യ പാതയ്ക്ക് പകരം ആസറിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്'. ആധുനിക സാമിരിമാരുടേയും ആസറുമാരുടേയും മാന്ത്രിക കുരുക്കിലും ദൈവ സങ്കല്‍പത്തിലും വിശ്വാസി സമൂഹം അകപ്പെട്ടിരിക്കുന്നു എന്നതത്രെ ഖേദകരം.

ധര്‍മ്മത്തിന്റെ പാതയില്‍ എന്നുദ്‌ഘോഷിച്ച്‌ എത്തിപ്പെടുന്നത്‌ അധര്‍മ്മത്തിന്റെ പാതയിലാണെന്ന്‌ സാരം .ദൈവം അനുഗ്രഹിക്കുമാറാകട്ടെ..​

രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവത്കരണ പരിപാടിയില്‍ പിടിഎ വൈസ്‌ പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ലേഖനാവിഷ്‌കാരം.