Thursday, August 27, 2015

വെന്മേനാട് എസ്‌.പി.സി ഓണം ക്യാമ്പ്‌

വെന്മേനാട്:മത സൗഹാര്‍‌ദ്ധത്തിന്റേയും നന്മയുടെയും ഒരുമയുടെയും സന്ദേശം ഉയര്‍‌ത്തി എം.എ.എസ്‌.എം വിദ്യാലയത്തിലെ എസ്‌.പി.സി വിദ്യാര്‍‌ഥികള്‍‌ക്കായി മൂന്നു ദിവസം നീണ്ടു നിന്ന ഓണം ക്യാമ്പ്‌ നടത്തി.85 കേഡറ്റുകള്‍ പങ്കെടുത്ത ക്യാമ്പ്‌ ഗുരുവായൂര്‍ സര്‍‌ക്കിള്‍ ഇന്‍‌സ്‌പെക്‌ടര്‍ സി.ആര്‍ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്‌തു.മാറുന്ന ലോകത്തെകുറിച്ചും,മദ്യത്തിന്റെയും മയക്ക്‌ മരുന്നിന്റെയും ദൂഷ്യഫലങ്ങളെകുറിച്ചും,സൈബര്‍ ലോകത്തെ ചതിക്കുഴികളെ കുറിച്ചുമുള്ള പാഠങ്ങള്‍ കേഡറ്റുകള്‍‌ക്ക്‌ നല്‍‌കി.ഓട്ടം,ഫിസിക്കല്‍ ട്രൈനിങ്,സെല്‍‌ഫ്‌ ഡിഫന്‍‌സ്‌,യോഗ എന്നിവയില്‍ പരിശീലനവും നല്‍‌കി.ഉന്നത പൊലീസുദ്യോഗസ്ഥരും,അദ്ധ്യാപകരും പഠനശിബിരങ്ങള്‍‌ക്ക്‌ നേതൃത്വം കൊടുത്തു.

പൂക്കള മത്സരം, കുതിരസവാരി,മാജിക്‌ഷോ എന്നിവയും ക്യാമ്പിന്റെ ഭാഗമായി സം‌ഘടിപ്പിക്കപ്പെട്ടു.

ത്രിദിന ഓണം ക്യാമ്പ്‌ പാവറട്ടി എസ്‌.ഐ അരുണ്‍,സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ ബിനു ഡേവീസ്‌,സിവില്‍ പൊലീസ്‌ ഓഫീസര്‍ പി.എസ്.സോഷി,വനിത സിവില്‍ പൊലീസ്‌ ഓഫീസര്‍ കെ.എം.സൗമ്യ,എം.എ.എസ്‌.എം വിദ്യാലയത്തിലെ എച്.എം ജിയൊ തോമസ്‌, എസ്‌.പി.സി അദ്ധ്യാപകരായ പിറ്റ്‌സണ്‍ ചാക്കൊ,കെ.കെ മായ എന്നിവരും നേതൃത്വം നല്‍‌കി.

Monday, August 24, 2015

ഓണാഘോഷപ്പൊലിമയില്‍

വെന്മേനാട്‌:എം.എ.എസ്‌.എം.വിദ്യാലയത്തിലെ ഹൈസ്‌ക്കൂള്‍ വിഭാഗം ഓണാഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാര്‍‌ന്ന മത്സരപരിപാടികള്‍ സം‌ഘടിപ്പിച്ചു.മലയാളത്തിന്റെ പൈതൃക കലകളും സാം‌സ്‌കാരികത്തനിമ ചോര്‍‌ന്നു പോകാത്ത ഗൃഹാതുരത്വമുണര്‍‌ത്തുന്ന പഴയകാല ഗ്രാമീണ മത്സരങ്ങളും അരങ്ങേറി.പൂക്കളമത്സരങ്ങള്‍ വര്‍‌ണ്ണ വൈവിധ്യം കൊണ്ടും അധ്യാപക വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

Friday, August 21, 2015

അധ്യാപക രക്ഷാകര്‍തൃ സം‌ഗമം

വെന്മേനാട്‌:എം.എ.എസ്‌.എം വിദ്യാലയത്തില്‍ 2014/15 കാലത്തെ പി.ടി.എ പ്രവര്‍‌ത്തക സമിതിയുടെ അവലോകനയോഗം വൈസ്‌ പ്രസിഡണ്ട്‌ അസീസ്‌ മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.സെക്രട്ടറിമാരായ വിദ്യാലയത്തിലെ വിവിധ വിഭാഗങ്ങളിലെ പ്രധാനാധ്യാപകര്‍ വി.എ.അബ്‌ദുല്‍ കരീം,കെ.അബ്‌ദുല്‍ റസാഖ്‌,ജിയോ തോമസ്‌ എന്നിവര്‍ അവതരിപ്പിച്ച റിപ്പോര്‍‌ട്ടിങ് സമിതി ചര്‍‌ച്ചചെയ്‌തു അം‌ഗീകരിച്ചു.വരവു ചെലവു കണക്കുകള്‍ ഓഡിറ്റിങ്ങിനു വിധേയമാക്കുമെന്ന ധാരണയോടെ പാസ്സാക്കി.

2015/16 വിദ്യാഭ്യാസവര്‍‌ഷത്തോടനുബന്ധിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക രക്ഷകര്‍തൃ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സെപ്‌തമ്പര്‍ 3 ന്‌ ജനറല്‍ബോഡി ചേരും. പ്രസ്‌തുത സം‌ഗമത്തില്‍ വെച്ച്‌ പുതിയ വിദ്യാഭ്യാസ വര്‍‌ഷത്തെ സാരഥിയെ തെരഞ്ഞെടുത്തുകൊണ്ട് പി.ടി.എ ഔദ്യോഗികമായി നിലവില്‍ വരുമെന്നു ജനറല്‍ സേകട്ടറി അറിയിച്ചു.വിദ്യാര്‍‌ഥികള്‍‌ക്കും രക്ഷിതാക്കള്‍‌ക്കും വേണ്ടി ബോധവത്കരണം,പുതിയ അധ്യയനവര്‍‌ഷത്തെ ആസൂത്രണങ്ങള്‍ എന്നിവ ജനറല്‍ബോഡി അജണ്ടയിലെ മുഖ്യ ഘടകമായിരിക്കും.

Monday, April 20, 2015

എം.എ. എസ്‌. എം നൂറുമേനി

വെന്മേനാട്‌: എം.എ. എസ്‌. എം വിദ്യാലയത്തില്‍ ഈ വര്‍ഷം പത്താം തരം പൊതു പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ഥികളും വിജയം കൈവരിച്ചിരിക്കുന്നു.ചരിത്ര പ്രസിദ്ധമായ ഈ നൂറുമേനി വിജയത്തില്‍ വിദ്യാലയാധികൃതരും അധ്യാപകരും രക്ഷാകര്‍ത്താക്കളും സന്തോഷം രേഖപ്പെടുത്തി.വെന്മേനാട്‌ എം.എ.എസ്‌.എം വിദ്യാലയത്തിന്‌ അമ്പതിന്റെ നിറവില്‍ ലഭിച്ച അഭിമാനാര്‍ഹമായ വിജയത്തില്‍ ആശംസകളുടെ പ്രവാഹമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.അധ്യാപക രക്ഷാകര്‍തൃ സമിതി,പോസ്റ്റ്‌ വന്മേനാട്‌,ഖത്തറിലെ പൂര്‍വവിദ്യാര്‍ഥി സംഘം തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.

Tuesday, March 31, 2015

ശ്രീമതി ജസ്സിയ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി

വെന്മേനാട്‌:എം.എ.എസ്‌.എം വിദ്യാലയത്തില്‍ സ്‌തുത്യര്‍ഹമായ സേവനം സമര്‍പ്പിച്ച ശ്രീമതി ജസ്സി ആന്‍റ്റോ അധ്യാപനകാലം വിജയകരമായി പൂര്‍ത്തീകരിച്ചു.വിദ്യാലയത്തിലെ ഔദ്യോഗികകാലത്തിനു വിരാമമിട്ട്‌ വിശ്രമ ജിവിതത്തിലേയ്‌ക്ക്‌ പ്രവേശിച്ച ശ്രീമതി ജസ്സിയ്‌ക്ക്‌ സഹ പ്രവര്‍ത്തകരും അധ്യാപിക അധ്യാപകരും ചേര്‍ന്നു സമുചിതമായ യാത്രയയപ്പ്‌ നല്‍കി.അധികൃതരുടേയും പ്രധാനാധ്യാപകരുടേയും  വിദ്യാര്‍ഥികളുടേയും രക്ഷകര്‍തൃ സമിതിയുടേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ അധ്യാപികയുടെ സേവനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു.  

Saturday, March 28, 2015

വായനാ ലോകം

വെന്മേനാട്‌: എം.എ.എസ്‌.എം വിദ്യാലയത്തില്‍ വിശാലമായ ലൈബ്രറി ഒരുക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ പ്രാരംഭം കുറിച്ചിരിക്കുന്നു.സാഹിത്യ ശാഖയിലെ കലയും ശാസ്‌ത്രവും കഥയും കവിതയും നോവലുകളും ചരിത്ര പുസ്‌തകങ്ങളും ലോകോത്തര ക്ളാസിക്കുകളും എല്ലാം ഉള്ള വിപുലമായ വായനാ ലോകം ഒരുക്കാനുള്ള തയാറെടുപ്പിലാണ്‌ വിദ്യാലയാധികൃതര്‍ .മഹത്തായ ഈ ഉദ്യമത്തെ എല്ലാ അര്‍ഥത്തിലും പ്രോത്സാഹിപ്പിക്കണമെന്ന്‌ പ്രധാനാധ്യാപകരും വിദ്യാലയവുമായി ബന്ധപ്പെട്ട സമിതികളും അഭ്യര്‍ഥിച്ചു. പ്രവാസികളായ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ ഭാഗധേയത്വം ഉറപ്പുവരുത്താന്‍ പിടിഎ വൈസ്‌ പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയിലുമായി ബന്ധപ്പെടാവുന്നതാണ്‌.  

Monday, March 16, 2015

വേനല്‍ കൂടാരം

വെന്മേനാട്‌ എം.എ.എസ്‌.എം വിദ്യാലയത്തിലെ ഹൈസ്‌ക്കൂള്‍ ക്ളാസ്സ്‌ വിദ്യാര്‍ഥികളുടെ ബുദ്ധിപരവും മാനസികവുമായ വെളിച്ചവും വളര്‍ച്ചയും ലക്ഷ്യം വെച്ചു കൊണ്ട്‌ 'വേനല്‍ കൂടാരം ഒരുക്കുന്നു' കളിയും ചിരിയും കാര്യവുമായി കുട്ടികള്‍ക്ക്‌ ഉല്ലസിക്കാനൊരു അവസരം.  മെയ്‌ നാലിന്‌ പത്തുമണിമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്‌തര്‍ പങ്കെടുക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Wednesday, February 18, 2015

നിശ്ചയദാര്‍ഢ്യത്തോടെ ഒരുങ്ങുക ...

ആത്മവിശ്വാസത്തോടെ നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷാ നാളുകളെ അഭിമുഖീകരിക്കുക.
അധ്യയനവര്‍ഷാവസാനത്തിലേയ്‌ക്ക്‌ പ്രവേശിക്കുകയാണ്‌.ഇനിയുള്ള നാളുകള്‍ പരീക്ഷാ പരീക്ഷണത്തിന്റെ ദിനരാത്രങ്ങളാണ്‌.പഠിതാക്കളില്‍ ആത്മവിശ്വാസവും ഉണര്‍വും ഉന്മേഷവും ഉത്സാഹവും വളര്‍ത്തിയെടുക്കേണ്ട കാലം. അതിജാഗ്രതയിലൂടെ പരീക്ഷാ പേടിയുണ്ടാക്കി ആശങ്കവളര്‍ത്തുന്നതും വേണ്ടത്ര പരിഗണന നല്‍കാതെ നിരാശാജനകമായ അവസ്ഥ  ജനിപ്പിക്കുന്നതും ഒരുപോലെ ദോഷം ചെയ്യും .ഇവ്വിഷയത്തില്‍ രക്ഷിതാക്കളും അധ്യാപകരും ബദ്ധശ്രദ്ധരായിരിക്കണം .

കൃത്യമായ ചിട്ടവട്ടങ്ങള്‍ സകല വിജയങ്ങള്‍ക്കും അനിവാര്യമത്രെ.പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങളില്‍ പ്രഥമ പരിഗണന സമയനിഷ്‌ഠയ്‌ക്കായിരിക്കണം  .ക്രമപ്പെടുത്തിയ അജണ്ട കാര്യങ്ങള്‍ സുഖമമാക്കും.എല്ലാ അര്‍ഥത്തിലും ആരോഗ്യകരമായ ചുറ്റുപാട്‌ പഠനത്തെ അനായാസമാക്കും .സമയക്രമീകരണത്തില്‍ വിശ്രമത്തിനുള്ള പങ്ക്‌ അനിഷേധ്യമത്രെ.ആരോഗ്യകരമായ ഭക്ഷണം പോലെ പ്രധാനമാണ്‌ ശരിയായ രീതിയിലുള്ള വിശ്രമവും ഉറക്കവും .ഉറക്കമിളച്ചിരുന്ന്‌ പഠിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കപ്പെടരുത്‌.

നേരത്തെ ഉറങ്ങുകയും പുലരും മുമ്പുണരുകയും എന്നതായിരിക്കണം സമയക്രമീകരണത്തില്‍ പാലിക്കപ്പെടേണ്ട രീതി. പഠനത്തിന്‌ വിധേയമാക്കുന്ന ഭാഗങ്ങള്‍ ചെലവഴിക്കുന്ന സമയം പുനര്‍വായനയ്‌ക്കുള്ള സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തകയും പാലിക്കുകയും വേണം .ഇലക്ട്രോണിക് മീഡിയ ഒന്നുകില്‍ തീരെ ഒഴിവാക്കുകയൊ അതുമല്ലങ്കില്‍ നിശ്ചിതസമയം അതിനുവേണ്ടി നീക്കിവെക്കുകയൊ വേണം.വിശ്രമ മുറിയില്‍ വീട്ടുകാര്‍ സ്വൈര്യസല്ലാപം നടത്തുന്നിടത്ത്‌ അവരുമായി ചിരിച്ചും കളിച്ചും പഠിക്കാന്‍ ശ്രമിക്കരുത്.എഴുതിപ്പഠിക്കേണ്ടത്‌ വരച്ച് പഠിക്കേണ്ടത്‌ ഓര്‍മ്മിച്ചിരിക്കേണ്ട സമവാക്യങ്ങള്‍ തുടങ്ങിയവ കൃത്യമായ അഭ്യാസങ്ങളിലൂടെ സ്വായത്തമാക്കണം.ആത്മാര്‍ഥമായ ലക്ഷ്യബോധത്തോടെ സമയബന്ധിതമായി നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുക.വിജയം സുനിശ്ചിതം .

Thursday, February 12, 2015

ലജ്ജ ഒരു സംസ്‌കാരമാണ്‌

ലജ്ജ ഒരു സംസ്‌കാരമാണ്‌.ലജ്ജയില്ലായ്‌മ മറ്റൊരു സംസ്‌കാരവും. മോഹിപ്പിക്കാനുള്ള തരളിത സങ്കല്‍‌പങ്ങളില്‍ പരിസരം മറന്നുല്ലസിക്കുന്നവരത്രെ ലജ്ജ കെട്ടവര്‍.ഈ വളയത്തില്‍ മുഖം കുത്തി വീഴുന്നവരത്രെ മനസ്സു കെട്ടവര്‍.ഉണ്ണുന്നതിലും ഉടുക്കുന്നതിലും വ്യക്തിയുടെ സംസ്‌കാരം പ്രതിഫലിക്കും. അരുതായ്‌മകളുടെ ചൂരലുകളല്ല.മാന്യമായ സംസ്‌കാരത്തെ അനുഭവേദ്യമാക്കാനുള്ള ക്രിയാത്മകമായ കര്‍മ്മ സരണികളാണ്‌ രൂപപ്പെടേണ്ടത്‌.ഒരു സമൂഹം നിഷ്‌കാസനം ചെയ്യപ്പെടാന്‍ പോകുന്നതിന്റെ സൂചനയായി ലജ്ജയില്ലാത്തവരുടെ പെരുപ്പത്തെ പ്രവചിക്കുന്നവരും ഉണ്ട്‌.

Thursday, February 5, 2015

അതിരുവിടുമ്പോള്‍ 

ജീവിതത്തിന്റെ സുഖമമായ ഒഴുക്കിനെ ത്വരിതപ്പെടുത്താന്‍ ചില നിബന്ധനകളും  ഉപാധികളും ഒക്കെ അനിവാര്യമാണ്‌.എന്നാല്‍ വര്‍ത്തമാന കാല സമൂഹത്തിലെ നല്ലൊരു ശതമാനം വിശിഷ്യാ പുതു തലമുറ ഇത്തരം നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒഴിവാക്കാനുള്ള കടുത്ത ജാഗ്രത പുലര്‍ത്തുന്നുവെന്നത്‌ ദൌര്‍ഭാഗ്യകരമത്രെ.തന്റെ സ്വഛമായ സഞ്ചാര സ്വാതന്ത്ര്യം നിബന്ധനകള്‍ക്കതീതമാകണമെന്ന തീരുമാനത്തോടെ ഒരാള്‍ യാത്ര തുടങ്ങുന്നതെങ്കില്‍ ആരും അതു വകവെച്ചുകൊടുക്കാന്‍ തയാറാകുകയില്ല.

ലക്ഷ്യസ്ഥാനത്തേയ്‌ക്കുള്ള സഞ്ചാരത്തിനിടയ്‌ക്ക്‌ പാതയോരത്ത്‌ പ്രത്യക്ഷപ്പെടുന്ന ദിശാസൂചികകളും  അപകട സൂചനകളും നിയമങ്ങളും കണ്ടില്ലെന്ന്‌ നടിക്കാന്‍ വിശേഷ ബുദ്ധി നല്‍കപ്പെട്ടവര്‍ക്ക്‌ കഴിയുമോ ?  ഇല്ല എന്ന്‌ ക്ഷണനേരം കൊണ്ട്‌ പറയാനാകുന്നുവെങ്കില്‍ അത്‌ ജീവിതത്തിനും ബാധകമായിരിക്കണം.

അപകടമരണങ്ങളില്‍ ഏറിയ ശതമാനവും വാഹനങ്ങളില്‍  ഹരം പിടിച്ച്‌ പായുന്ന പുതുതലമുറയാണെന്ന്‌ കണക്കുകള്‍ പറയുന്നു.ജീവിതയാത്രയിലും പരാജയം ഏറ്റുവാങ്ങുന്നവര്‍ ഈ യുവത തന്നെയാണത്രെ.ഭാവി വാഗ്ദാനങ്ങള്‍ ഇങ്ങനെ പാതയോരത്തും ഇടത്താവലങ്ങളിലും വാടിവീണാല്‍ ഭാവിയിലെ ഭവിഷ്യത്ത്‌ ഭയാനകമായിരിയ്‌ക്കും.

Tuesday, February 3, 2015

സമാപനസമ്മേളനം കൊടിയിറങ്ങി

വെന്മേനാട്‌:എം.എ.എസ്.എം വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം  ആഘോഷകരവും ആവേശകരവുമായി സമാപിച്ചു.മണലൂര്‍ ജനപ്രതിനിധി ശ്രീ  പി.എ മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനവും വിദ്യാഭ്യാസ വകുപ്പ്‌ ആസൂത്രണം ചെയ്‌ത കരുത്ത്‌ പദ്ധതിയുടെ സംസ്‌ഥാനതല പ്രാരംഭവും  ബഹു.വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ.അബ്‌ദു റബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു.ഗുരുവായുര്‍ ജനപ്രതിനിധി ശ്രീ കെ.വി അബ്‌ദുല്‍ ഖാദര്‍,മാനേജര്‍ എം.കെ മുഹമ്മദ്‌ ഹാജി,ശ്രി സി.എച്ച്‌ റഷീദ്‌,ശ്രി ഇ.പി ഖമറുദ്ധീന്‍ ,ശ്രീ  കെ .എന്‍ സതീഷ്‌ .ശ്രീ സി.കെ മോഹനന്‍ ഡോ.പി.എ സാജുദ്ധീന്‍ ,ശ്രീ ആര്‍.പി അബ്‌ദുല്‍ റഷീദ്‌,ശ്രീ പി.കെ.രാജന്‍,ശ്രീ.വി.കെ ഷാഹു ഹാജി,ശ്രീ ജെയ്‌ക്കബ്‌ ജോബ്‌ ഐ.എ.എസ്,ശ്രീ.കെ.ആര്‍ നസീബുല്ല, ശ്രീമതി ലീല കുഞ്ഞാപ്പു,ശ്രീ.എ.ടി ആന്റോ,ശ്രീ.എം.ടി തോമസ്‌,ശ്രീമതി വിമല സേതുമാധവന്‍,ശ്രീ ഇ ഫാസില്‍ ശ്രിമതി മായ,ശ്രീമതി ടി.ഡി അനിതമുമാരി,ശ്രീ ടി.എ ജോയ്‌,ശ്രീ പി.കെ അബ്‌ദുല്ലക്കുട്ടി,ശ്രീ അസ്‌ഗറലി തങ്ങള്‍ ,ശ്രി റഹ്‌മാന്‍ തിരുനെല്ലൂര്‍ അസീസ്‌ മഞ്ഞിയില്‍ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തെ ധന്യമാക്കി.

തുടര്‍ച്ചയായി 50 വര്‍ഷം മാനേജറായ എം.കെ മുഹമ്മദ്‌ ഹാജിയെ മന്ത്രി ആദരിച്ചു.സ്‌ക്കൂള്‍ അഡ്‌മിനിസ്ട്രേറ്റര്‍ എം.കെ മുനീര്‍ മന്ത്രിയ്‌ക്ക്‌ ഉപഹാരം നല്‍കി.

വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും കലാകായിക പാഠ്യരംഗത്തെ പ്രശസ്ത സേവനം കാഴ്‌ചവെച്ചവരേയും പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.ഈ വര്‍ഷം വിരമിക്കുന്ന ശ്രീമതി ജെസി ആന്റോയെ പ്രത്യേകം ആദരിക്കുകയും അവരുടെ വിശ്രമ ജീവിതത്തിന്‌ ഭാവുകങ്ങള്‍ നേരുകയും ചെയ്‌തു .വിദ്യാലയത്തിലെ കലാപ്രതിഭകളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേയും തെരഞ്ഞെടുക്കപ്പെട്ട കലാവിരുന്ന്‌ സദസ്സിനെ ഏറെ സന്തോഷിപ്പിച്ചു.

പ്രിസിപ്പാള്‍ വി.എം കരീം സ്വാഗതവും പി.ടി.എ പ്രസിഡന്റ്‌ വി.കെ അബ്‌ദുല്‍ ഫത്താഹ്‌ നന്ദിയും പറഞ്ഞു.

വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍ വി.എം  അബ്‌ദുല്‍ കരീം  ,കെ.അബ്‌ദുല്‍ റസാഖ്‌ , ജിയോ തോമസ്‌ എന്നിവരുടെ നേതൃത്വത്തിലെ അധ്യാപകരുടെ നിസ്വാര്‍ഥ സേവനം  പ്രശംസാര്‍ഹമായിരുന്നു.